ഉറുമ്പുകള്‍ പറഞ്ഞ കഥ  

Posted by Askarali

എന്റെ മകന്‍ ഹാന്‍ഡ് ഫോണില്‍ ഒരു മൂവിങ്ങ് പിക്ചര്‍ പിടിച്ചിരിക്കുന്നു. എന്നെ വിളിച്ച് ഉത്സാഹത്തോടെ കാട്ടിത്തന്നു. കുറെ എറുമ്പുകള്‍ ചേര്‍ന്ന് ഒരു കഷണം ഭ്ക്ഷണ സാധനം ചുവരിലൂടെ പൊക്കിക്കൊണ്ട് പോകുന്നതാണ് പടം!

ഞാന്‍ പറഞ്ഞു, ‘കണ്ടോ, അതുകണ്ടു പഠിക്കണം. ഇത്രയും വലിയ ഒരു സാധനം കണ്ട് അയ്യോ അതെന്നെക്കൊണ്ട് പറ്റില്ല എന്നു പറഞ്ഞ് തളരാതെ കൂട്ടുചേര്‍ന്ന് അവര്‍ പരിശ്രമിക്കുന്നതുകണ്ടോ, അതാണ് നമ്മളും അനുകരിക്കേണ്ടത്‘. [ ഉപദേശം കൊടുക്കാന്‍ എളുപ്പമാണല്ലൊ]

അതുപറഞ്ഞപ്പോല്‍ എനിക്ക് മറ്റൊരു സംഭവം ഓര്‍മ്മ വന്നു.

എന്റെ കൂടെ പഠിച്ച ഒരു ബ്രാഹ്മിന്‍ കുട്ടി ഉണ്ടായിരുന്നു. ഞങ്ങളുടെ സ്ക്കൂളിലെ ‘ടോപ് ഫൈവില്‍’ വന്നിരുന്ന, വളരെ മിടുക്കിയായ ഒരു കുട്ടി. ആ കുട്ടി എന്നോടൊപ്പം ഹോസ്റ്റലിലും ഉണ്ടായിരുന്നു.
ഹോസ്റ്റലില്‍ താമസം തുടങ്ങിയ ആദ്യത്തെ രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോള്‍,[ അവിടത്തെ കട്ടിലുകള്‍ ഗവ: ഹോസ്പിറ്റലിലെ പേവാര്‍ഡിലെപ്പോലെ ഇട്ടിരിക്കയായിരുന്നു.] അടുത്ത കട്ടിലില്‍ നിന്നും ഒരു തേങ്ങല്‍. ഞാന്‍ അല്‍ഭുതപ്പെട്ടുപോയി.
വലിയ ധീരയെന്നും, സെന്റിമെന്റ ഒന്നും ഇല്ലാത്ത, വളരെ ഡീസന്റ് എന്നും ഞാന്‍ കരുതിയ പോറ്റിക്കൊച്ച് കിടന്ന് കരയുന്നു. ഞാന്‍ പതിയെ പേരു വിളിച്ചപ്പോല്‍ കരച്ചില്‍ അല്‍പ്പം കൂടി ഉച്ചത്തിലായി. എനിക്കും കരച്ചില്‍ വന്നു. എങ്കിലും എന്റെ ദുഃഖം ഷയര്‍ ചെയ്യാന്‍ ഒരാളെ കിട്ടിയല്ലൊ എന്ന ആശ്വാസവും. അതും ഞാന്‍ മതിക്കുന്ന വലിയ മിടുക്കിയായ പോറ്റിക്കൊച്ചു.അങ്ങ്നെ വെളുക്കും വരെ ഞങ്ങള്‍ അന്യോന്യം അച്ഛനെപറ്റിയൂം അമ്മയെപ്പറ്റിയും അനിയന്മാരെപറ്റിയും പറഞ്ഞ് പറഞ്ഞ് നേരം വെളുപ്പിച്ചു. നേരം വെളുത്തപ്പോള്‍ എനിക്ക് ഒരു പുതിയ കൂട്ടുകാരിയെ കിട്ടി.

അടുത്ത കോളേജിലും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഇപ്രാവശ്യം പ്രശ്നം മറ്റൊരു രീതിയില്‍. പലയിട ത്തുന്നും വരുന്ന കുട്ടികള്‍. വിദേശത്ത് അച്ഛനമ്മമാരുള്ളോര്‍, പഠിത്തത്തിനു അത്ര വിലയൊന്നും ഇല്ലാത്ത ഒരു ലോകം. പണവും പ്രതാവവും, ഇംഗ്ലീഷും ഒക്കെ കാണിക്കാന്‍ ഉടുത്തൊരുങ്ങി, കൂട്ടത്തില്‍ തരപ്പെട്ടാ‍ാല്‍ ഇച്ചിരി പഠിക്കുകയും ചെയ്യാം എന്നു പറഞ്ഞു വരുന്നവര്‍, സിറ്റിയില്‍ ജനിച്ചു വളര്‍ന്നവര്‍, അങ്ങിനെ പല ഗ്രൂപ്പുകാര്‍. അവിടെ എനിക്കും ആകെ കണ്‍ഫ്യൂഷനായി. ആരെ ഫോളോ ചെയ്യണം എന്നറിയാതെ വഴിമുട്ടി നില്‍ക്കുമ്പോള്‍ ഒരു ദിവസം പോറ്റിക്കൊച്ച് വന്നു പറഞ്ഞു
‘മായേ, ഇന്ന് ഞാന്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ കുറേ ചോനനുറുമ്പുകള്‍ വരിവച്ചു പോകുന്നതു കണ്ടു.
കുറെ നേരം അറിയാതെ നോക്കിക്കൊണ്ടിരുന്നപ്പോള്‍ തോന്നി. - ഇവര്‍ ഒരു നിമിഷം പോലും പാഴിക്കളയാതെ ഇങ്ങിനെ ജോലി ചെയ്യുന്നതെന്തിനാണ്, വേണമെങ്കില്‍ ‘അയ്യോ എനിക്ക് ഇച്ചിരിക്കൂടി വലിയ ശരീരം തന്നില്ലല്ലോ, ചിറകു തന്നില്ലല്ലൊ, അഴകു തന്നില്ലല്ലൊ’, എന്നൊക്കെ പറഞ്ഞ് പരിതപിച്ചിരിക്കാമായിരുന്നു. അവര്‍ അതൊന്നും ചെയ്യാതെ, മറ്റു ജീവികളെ ഗൌനിക്കകൂടി
ചെയ്യാതെ തങ്ങളുടെ കര്‍മ്മം ചെയ്യുന്നതുകണ്ടോ. അപ്പോ എനിക്കു തോന്നി, നാമും നമ്മുടെ ലക്ഷ്യം
കണ്ടുപിടിച്ച് അതിനുവേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവര്‍ കാട്ടുന്ന കോപ്രായങ്ങള്‍ കണ്ടു നമ്മുടെ പാത മറക്കലല്ല’. പോറ്റിക്കൊച്ച് എന്നെ സമാധാനിപ്പിച്ചതാണോ
അതോ സ്വയം സമാധാനിച്ചതാണൊ എന്നെനിക്കിപ്പോഴും അറിയില്ല.

പോറ്റിക്കൊച്ച് അങ്ങിനെ തന്നെ ചെയ്യുകയും ചെയ്തു. എനിക്ക് അതുപോലെ ചെയ്യാന്‍ പറ്റിയില്ല.
ഞാന്‍ മറ്റുള്ളവരെപ്പോലെ ആകാത്തതില്‍ പരിതപിച്ച്, അങ്ങിനെ മൂന്നു വര്‍ഷം തള്ളി നീക്കി, ഒരു വിധം പാസ്സായപ്പോള്‍ പോറ്റിക്കൊച്ച്, നല്ല രീതിയില്‍ തന്നെ അവിടെയും വിജയം കൊയ്തു.

This entry was posted on 10:59 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments