ആഗ്രഹങ്ങള്‍  

Posted by Askarali

മായ തന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പഠിച്ചതും ഒരോണക്കാലത്താണ്. ഓണത്തിമിര്‍പ്പില്‍ മതിമറന്ന് നടക്കുന്ന അവധിക്കാലം. ഏറ്റവും ഹരം 10 ദിവസം നീണ്ടുനില്‍ക്കുന്ന വര്‍ണ്ണശബളമായ അവധി തന്നെ. അടുത്തത്, മുറ്റത്തെ പ്ലാവില്‍ ഇട്ടുതരുന്ന ഊഞ്ഞാല്‍. ഇതുമാത്രമാണെങ്കിലും ഓണമായെന്നു തോന്നുന്നു. പിന്നെ, രാവിലെ ഇടുന്ന പൂക്കളം, പതിവില്ലാത്ത പുത്തന്‍ കറികള്, ‍അമ്മ അവധിയെടുത്ത് വീട്ടില്‍ നിന്ന് നല്ല കുടുംബിനികളെപ്പോലെ എല്ലാര്‍ക്കും വച്ചു വിളംബി സന്തോഷ മായി നില്‍ക്കല്‍, ബന്ധു ഗൃ‌ഹങ്ങള്‍ സന്ദര്‍ശ്ശിക്കല്‍, അമ്മുമ്മ നല്ല കോടിയൊക്കെ ഉടുത്ത് അപ്പച്ചിമാരുടേ അടുത്തിരുന്ന് പഴം കഥ പറയല്‍, ആരും വഴക്കുകൂടാതിരിക്കുക, ജോലിക്കാരിക്കും കൃഷിക്കാര്‍ക്കും ഒക്കെ ഓണം കൊണ്ടാടാനുള്ളതു ഉണ്ടോ എന്നുറപ്പു വരുത്തല്‍ (അത് അമ്മയുടെ പണി) ചുരുക്കം പറഞ്ഞാല്‍, ‘കള്ളവുമില്ല, ചതിയുമില്ല’, എല്ലായിടത്തും സമൃ‌ദ്ധിയും സന്തോഷവും അലതല്ല്ല്ല്ലല്‍! ഇതൊക്കെത്തന്നെ.

ഇനി മായ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതും ഓണവും തമ്മില്‍ എന്തു ബന്ധമാണെന്നല്ലെ?പറയാം...

മായയുടെ അച്ഛന്റെ വകയാണ്.

മായയും അനിയനും അങ്ങിനെ എല്ലാം മറന്ന് ഉഞ്ഞാലുമാടി ഓണവിഭവങ്ങളും രുചിച്ച് അമ്മയുടെ സ്നേഹ സാന്നിദ്ധ്യവുമൊക്കെ ആസ്വദിച്ച് ഓണത്തിന്റെ മാസ്മരികതയില്‍ മുങ്ങിക്കുളിച്ചിരിക്കുംമ്പോഴായി രിക്കും. പെട്ടെന്ന് അച്ഛന്റെ അറിയിപ്പ്. “ഇന്ന് വൈകുന്നേരം നമുക്ക് തിരുവനന്തപുരത്തു പോകണം. റഡിയായി നിന്നോളണം”. മിക്കവാറും തിരുവനന്തപുരം യാത്ര ഓണാവസാന ദിവസങ്ങളിലായിരിക്കും. ഒരുപക്ഷെ, വീട്ടുജോലിയെടുത്ത് തളര്‍ന്ന അമ്മയെ സന്തോഷിപ്പിക്കാനായിരുന്നിരിക്കണം. കേട്ടതു ശരിയാണോ എന്ന് അമ്മയോട് ഒരുറപ്പുകൂടി വാങ്ങും. ശരിയാണെന്ന പറയുകയാണെങ്കില്‍പ്പിന്നെ ഓണം കലക്കി. ഇനി കാഴ്ച്ച ബംഗ്ലാവ്, ബീച്ച്, ഓണാഘോഷം, മാമന്റെ വീട്ടിലെ താമസം, ‘പ്ലയിന്‍ താഴെക്കൂടെ പറക്കുന്നത്’ കാണല്‍, ഒത്താല്‍ ഒരു സിനിമ കാണല്‍, എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്നറിയി ല്ലല്ലൊ...

ഊഞ്ഞാലിന്റെ ഗ്ലാമര്‍ പെട്ടന്ന് ഒന്നു കുറഞ്ഞപോലെ. വൈകിട്ടത്തെ പോക്കിനെ പറ്റിയാകും പിന്നെ തന്റെ ഭാവന. ബസ്സില്‍ സൈഡ് സീ‍റ്റ് ഇന്ന് തനിക്ക് തന്നെ വേണം. കുറച്ചു സമയം വേണമെങ്കില്‍ അനിയന്‍ ഇരുന്നോട്ടെ. കുറച്ചു കഴിയുംബോള്‍ അവന്‍ ഉറക്കം തുറങ്ങും. പിന്നെ ഓടി മറയുന്ന മരങ്ങളും വയലേലകലും മനുഷ്യരും ഒക്കെ തനിക്കു സ്വസ്ഥമായിരുന്ന് കാണാം. സിനിമ കാണുന്നതിനെക്കാ ളൊക്കെ സുഖമായിരുന്നു ഇങ്ങിനെ ഫാസ്റ്റ് ഫോര്‍വേഡില്‍ പോയി മറയുന്ന വഴിയോരക്കാഴ്ച്ചകള്‍.
ട്രാന്‍സ്പോര്‍ട്ട് ബസ്സിന്റെ ഒരറ്റത്ത് അച്ഛന്റെയും അമ്മയുടെയും ഒപ്പം, കുടുംബമായിരുന്നു, യാത്ര ചെയ്യുമ്പോഴും വല്ലത്ത ഒരു സുരക്ഷിതത്വം‍ തോന്നിയിരുന്നു. പരാതിയൊന്നുമില്ലാതെ സംതൃപ്തയായ അമ്മ, സ്നേഹസമ്പന്നനായ അച്ഛന്‍, അനുസരണയുള്ള, ഡീസന്റ് ആയ രണ്ടു മക്കള്‍. (എപ്പോഴും ഇങ്ങിനെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ജീവിതം!).
ബസ്സിലെ കണ്ടക്ടര്‍ അച്ഛന്റെ കൂട്ടുകാരനാണെങ്കില്‍ പിന്നെ കുറച്ചുകൂടി സന്തോഷമാണ്. കണ്ടക്ടര്‍ മാമന്‍ ഇടയ്ക്കിടയ്ക്ക് സമയം കിട്ടുമ്പോള്‍‍ അച്ഛന്റെ അടുത്തുള്ള സീറ്റില്‍ വന്നിരുന്ന് വര്‍ത്തമാനം പറയും, അമ്മ പുഞ്ചിരിച്ചുകൊണ്ട്, നല്ല വിനയത്തോടെ ഇരിക്കും (ഈ അമ്മയാണോ വീട്ടില്‍ അച്ഛനെ വിരട്ടിക്കൊണ്ട് നടക്കുന്നത് എന്ന് ഓര്‍ക്കാന്‍ കൂടി മടിക്കുന്ന വിധം), അങ്ങിനെ തിരുവനന്തപുരത്തെത്തുന്നതറിയില്ല. തിരിച്ചു വന്നാല്‍ പിന്നെ തിരിച്ചു സ്ക്കൂളില്‍ പോകാനും വലിയ ഉത്സാഹമാണു. ഓണത്തിനു ‘എവിടെപ്പോയി’ എന്ന് ടീച്ചര്‍ ചോദിച്ചാല്‍ ‘തിരുവന്തപുരം’, എന്ന് പറയാനും വലിയ അഭിമാനമായിരുന്നു. അങ്ങിനെ ഊഞ്ഞാലിലിരുന്ന് സ്വപ്നം കണ്ട് മത്തുപിടിക്കുംബോഴാണ് ഇടിത്തീ വീഴുംമ്പോലെ അമ്മ വീണ്ടും അറിയിക്കുന്നത്. “ഇന്ന് തിരുവനന്ത പുരത്തിനൊന്നും പോകുന്നില്ല. അച്ഛനു വേറെ എന്തോകാര്യമുണ്ടെന്ന്”. അമ്മയും ദേഷ്യത്തിലാണെ ങ്കില്‍ പറയും, “പോയി കുളിച്ച് , പ്രാര്‍ത്ഥിച്ച്, വല്ലതും പടിക്കാന്‍ നോക്ക്”. അതുകൂടി കേള്‍ക്കുമ്പോള്‍ ‍ അത്തവണത്തെ ഓണം സമാപ്തിയായി എന്നുറപ്പായി.

പാവം മായ എത്ര വേദനയോടെയാണെന്നോ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പഠിച്ചത്. മായയുടെ മോഹങ്ങളുക്കും മോഹഭംഗങ്ങള്‍ക്കും ഒക്കെ എന്തു വില!. മായയുടെ അനിയനെ അതൊന്നും വലുതായി ബാധിച്ചിരുന്നില്ല എന്നു തോന്നുന്നു. അവന്‍ അടുത്ത മിനിട്ടില്‍ വേറെ വല്ല വികൃ‌തിയും ഒപ്പിക്കാന്‍ പെടുന്ന പാടു കാണാം. ഒരുപക്ഷെ, കഥയിലെ ശോക സീനൊക്കെ അഭിനയിക്കാന്‍ അന്നേ അവന്‍ തന്നെ തിരഞ്ഞെടുത്തിരിക്കണം. കോമഡി സീനൊക്കെ അവനും...

ഇനിയുമുണ്ട് കടിഞ്ഞാണിട്ട കുറേ കൊച്ചു കൊച്ചാഗ്രഹങ്ങള്‍...

ഇനിയുമുണ്ട് കടിഞ്ഞാണിട്ട ആഗ്രഹങ്ങള്‍. അതും വിചിത്രമായ രീതിയില്‍ഓണക്കാലത്തു തന്നെ, അച്ഛനാണു നായകനും. ഓണത്തിനു അമ്മ ജോലിക്കാരിപ്പെണ്ണിനും, പശുവിനെ നോക്കുന്ന പയ്യനും, കൂട്ടത്തില്‍ ഞങ്ങള്‍ക്കും ഓണക്കോടി എടുത്തുതരുമായിരുന്നു. കുപ്പിവളകളും റിബണും ഒക്കെ അണിഞ്ഞ് അവള്‍ സ്വന്തം വീട്ടിലേക്ക് ഓടിച്ചാടി പോകുന്നതു കാണാം. എന്നാല്‍ അച്ഛന്‍ ഞങ്ങളുടെ ഓണക്കോടി കാണുമ്പോള്‍ പറയും“ഇതൊക്കെ ഒന്നുമില്ലാത്തവരാണ് ഇടുന്നത്. വര്‍ഷത്തിലൊരിക്കല്‍ കോടി എടുക്കുന്നവരും മറ്റും. ഇടണമെന്നു തോന്നിയാലും ഓണമൊക്കെ കഴിഞ്ഞിട്ടാല്‍ മതി.” എനിക്കത് വലിയ വിഷമമൊന്നും തോന്നിച്ചില്ല (പുതിയതൊക്കെ ഉടുത്ത് സ്ക്കൂളില്‍ പോകാനൊക്കെ നാണക്കേടായിരുന്നു താനും). എങ്കിലും അമ്മയുടെ വിഷമം കാണുമ്പോള്‍ ഒരു വിഷമം. പിന്നീട് അച്ഛന്‍ കൂട്ടുകാരോടൊക്കെ അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്-“എനിക്കൊരു മകളുണ്ട്, പൊട്ടുതൊടാ‍ത്ത, കണ്ണെഴുതാത്ത, കുപ്പിവളകളിടാത്ത , ഉറക്കെ ചിരിക്കാത്ത, ഉറക്കെ കരയാത്ത- മകള്‍” .

ഇതുപോലെ മായയുടെ കൊച്ചു കൊച്ചാഗ്രഹങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ട്, ഒടുവില്‍ ചെറുതിലേ വിരക്തി വന്നതാകും ഒരുപക്ഷെ മായക്ക്.

ഇന്നാലോചിക്കുമ്പോള്‍ തോന്നുന്നു, ഒരുപക്ഷെ, അച്ഛന്‍ അങ്ങിനെ ചെയ്തത്, . സ്വന്തത്തിലും ബന്ധത്തിലുമൊക്കെ പെട്ട മറ്റു കുട്ടികള്‍ അടുത്തു തന്നെ ഉണ്ടായിരുന്നു ചുറ്റിനും. ഓണക്കോടി എടുക്കാന്‍ നിവര്‍ത്തിയില്ലാത്തവരും. ഒരു പക്ഷെ, അവര്‍ക്കൊന്നും വിഷമമുണ്ടാക്കണ്ട എന്നുകൂടി കരുതിയായിരിക്കുമോ ! അവര്‍ക്കൊക്കെ വീട്ടു കാര്യങ്ങളും കൃഷിയും നോക്കുന്നതിനുപോലും അച്ഛന്റെയോ അമ്മയുടേയോ ഒക്കെ സഹായം പലപ്പോഴും അവര്‍ക്ക് ആവശ്യമായി വ്ന്നിട്ടുണ്ട്.

[മായയുടെ കഥകള്‍ എന്റെയും എന്റെ ഗ്രാമത്തില്‍ എന്നൊടൊപ്പം വളര്‍ന്ന ചില കുട്ടികളുടെയും ബാല്യകാലം കൂട്ടിക്കുഴഞ്ഞതാണ്. ഒരാളുടെ മാത്രമല്ല. ]

This entry was posted on 10:59 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments