ഒരിടിയും മിന്നലും എന്റെ അനിയനും  

Posted by Askarali

തിരുവനന്തപുരത്ത് ‘സൌണ്ട് ഓഫ് മ്യൂസിക്ക് എന്ന ’സിനിമാ കാണാന്‍ പോയ കഥയാണു. ‘ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്സി’ലെ പോലെയല്ല അത്ര പത്രോസും ഇംഗ്ലീഷും ചപ്പട്ട കാറും ഒന്നുമില്ല. ഇതൊരു നാട്ടും പുറം ഫാമിലി. മായയുടെ അച്ഛന് സഹോദരങ്ങളൊക്കെ ഇംഗ്ലണ്ടിലായതുകൊണ്ടും, എം. ജി. കോളേജില്‍ പഠിച്ച്, പഠിത്തം പൂര്‍ത്തിയാകാതെ പുറത്തു വന്നതിനാലും, വിദേശ ഭ്രാന്തും തിരുവനന്ത പുരം ഭ്രാന്തും (രണ്ടും അച്ഛന്റെ കയ്യെത്തും ദൂരത്തുനിന്നും വഴുതിപ്പോയതുകൊണ്ട്) കലശലായി ഉണ്ടാ യിരുന്നതു കൊണ്ടാകണം ആ പടം കാണാന്‍ കൂട്ടിക്കൊണ്ടു പോയത്. (‘ഷോലെ’ തുടങ്ങിയ നല്ല ഹിന്ദി പടങ്ങളും തിരുവനന്തപുരത്ത്, അവധിക്കാലത്ത് കൊണ്ടു കാണിച്ചിരുന്നു.)

തിരുവന്തപുരം യാത്ര, പോറ്റിഹോട്ടലിലെ ഊണ്, ഒക്കെ കഴിഞ്ഞ്, നല്ല എയര്‍കണ്ടീഷന്‍ തീയറ്റര്‍, വലിയ ശക്തികൊടുത്തിരുന്നില്ലെങ്കില്‍ മടങ്ങിപ്പോകുന്ന സീറ്റ്, എല്ലാം കൂടി വേറെ ഏതോ ലോകത്തു പോയ പ്രതീതിയില്‍, മായ അങ്ങിനെ മതിമറന്നിരുന്നു. പരസ്യങ്ങള്‍ കാട്ടിത്തുടങ്ങി, ലൈറ്റൊക്കെ ഓഫായി, പടം തുടങ്ങി. അമ്മ ചെറുതായി കഥകളൊക്കെ പറഞ്ഞു തന്നുകൊണ്ടിരുന്നു. അപ്പോഴാണ് ആ സീന്‍ വന്നത്. ഇടി, മഴ, കുട്ടികള്‍ ഓരോന്നായി ഭയന്നു വിറച്ച് ആയയുടെ മുറിയിലേക്ക് ഓടിവരല്‍... നല്ല രസമായി കണാന്‍ തുടങ്ങിയ്പ്പോഴാണ് ‘വീരനായകന്‍ അനിയന്‍’ വലിയ വായില്‍ ഒരു നിലവിളി. അവന്‍ കരുതി ആകെ കുഴപ്പമായിരിക്കയാണ്, തീയറ്ററിനകത്തുന്ന് രക്ഷപ്പെടുകയല്ലാതെ നിവര്‍ത്തിയില്ല. വിളി മറ്റുള്ളവര്‍ക്ക് അസഹ്യമാകാതിരിക്കാന്‍ അച്ഛന്‍ ഉടന്‍ അവനേയും കൊണ്ട് വെളിയിലേയ്ക്ക് നടത്തവും തുടങ്ങി. അമ്മ താക്കീതുപോലെ മായയോട് പറഞ്ഞു, “നിനക്ക് വേണമെങ്കില്‍ ഇപ്പോള്‍ പൊയ്കോളണം പിന്നീട് കിടന്ന് വിളിക്കരുത്”. അമ്മയ്ക്ക് അമ്മയുടെ ഹീറൊ കരഞ്ഞതിലുള്ള വരുത്തവും കാണും. മായക്ക് ആലോചിക്കാന്‍ നിമിഷങ്ങളേ ബാക്കിയുള്ളൂ. ഒന്നുകില്‍ നടന്നകലുന്ന അച്ഛനോടൊപ്പം, അല്ലെങ്കില്‍ ഈ ഇരുട്ടില്‍ അനിയനില്ലാതെ ഒറ്റയ്ക്ക് പടം കാണുക. അത് ബോറാ‍യി തോന്നി. അപ്പോഴാണ് മായയ്ക്ക് ഒരു തോന്നല്‍ ഒരുപക്ഷെ സ്ക്രീനില്‍ കാണുന്ന മദാമ്മ കുട്ടികളൊക്കെ പുറകില്‍ കാണും അവരെ നേരിട്ട് കാണാനുള്ള അടവായിരിക്കുമോ അനിയന്‍ എടുത്തത്. അല്ലെങ്കില്‍ പിന്നെ നേരിട്ട് ഇടിയും മഴയും കണ്ടാല്‍ കരയാത്ത ഇവനെന്തിനാ ഇപ്പോള്‍ അലറി വിളിക്കുന്നത്. പിന്നെ ഒന്നും ആലോചിക്കാനുണ്ടാ യിരുന്നില്ല. ഒറ്റ ഓട്ടം. അച്ഛന്റെ പുറ്കെ.

പുറത്തെത്തിയപ്പോഴല്ലെ പൂരം. അവിടെ മദാമ്മകുട്ടികളുമില്ല, ആട്ടവുമില്ല, പാട്ടുമില്ല. വെറും കോണ്‍ക്രീറ്റ് തൂണുകളും, ചൂടും മാത്രം..പിന്നീടെന്തു സംഭവിച്ചു എന്നോര്‍മ്മയില്ല. അച്ഛന്‍ എന്തായാലും ഐസ്ക്രീമോ മിഠായിയോ വാങ്ങി കൊടുത്ത ഓര്‍മ്മ മായയ്ക്കില്ല. (അച്ഛനത് പതിവുമില്ലല്ലൊ, അതൊക്കെ ചീത്തക്കുട്ടി കളാണ് ചെയ്യുന്നത് - വെളിയില്‍ നിന്ന് വല്ലതും വാങ്ങി തിന്നുന്നത്, ആരെങ്കിലും എന്തെങ്കിലും വച്ചു നീട്ടിയാല്‍ വാങ്ങി തിന്നുന്നത്, അതും പോരാ, വീട്ടില്‍ അച്ഛന്റെ തിരുവന്തപുരം കൂട്ടുകാരോ, വലിയച്ഛന്റെ ഇംഗ്ലണ്ട് കൂട്ടുകാരോ ഒക്കെ വരുമ്പോള്‍ അവരുടെ മുന്നില്‍ വല്ലതും കൊണ്ടു വച്ചാല്‍ കണ്ടിട്ടില്ലാത്ത പോലെ നോക്കരുത്, ‘വേണോ?’ എന്നു ചോദിച്ചാല്‍ നല്ല ഡീസന്റ് ആയി ‘വേണ്ട’ എന്നു പറയണം എന്നു ഉപദേശിച്ചിട്ടുണ്ട്. മായ സ്വതവേ ഡീസന്റ് ആയതുകൊണ്ട് അതുനിലനിര്‍ത്തി പോന്നിരുന്നു പക്ഷെ മായയുടെ അനിയന്‍ എങ്ങിനെ ഡീസന്റ് ആയി ‘വേണ്ട’ എന്നു പറഞ്ഞതെന്ന് മായക്ക റിയില്ല).

വെളിയില്‍ വലുതായൊന്നും ഇല്ലെന്ന് അനിയനും ഉറപ്പായപ്പോള്‍ അവനും തിരിച്ച് തീയറ്ററില്‍ കയറ ണമെന്നായി. ഒടുവില്‍ എപ്പോഴോ, തിരിച്ചു വന്ന് സിനിമ കണ്ടു. പക്ഷെ, വെളിയിലത്ത ചൂടും,
അകത്തെ തണുപ്പും, സിനിമയുടെ കഥയുടെ തുടര്‍ച്ച മനസ്സിലാകാത്തതുകൊണ്ടും, ഒക്കെക്കൂടി മായയും അനിയനും താമസിയാതെ ഉറങ്ങിപ്പോയി.

പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ട്, ഉറങ്ങാന്‍ കിടക്കുമ്പോള്‍ മായക്കും അനിയനും അമ്മ അതിന്റെ കഥ പറഞ്ഞ് കേള്‍പ്പിച്ചിരുന്നു.

[അരുന്ധതീ റോയിയുടെ ‘ഗോഡ് ഓഫ് സമ്മാള്‍ തിങ്സ്’ എന്നു പറഞ്ഞില്ലേ, ‘തമ്പുരാനും ചോതി, അടിയനും ചോതി’ എന്നു പറയുമ്പോലെ, എന്റെ കുട്ടിക്കാലവുമായി ഒരുപാട് സാമ്യമുണ്ട് -സിനിമാ കാണാന്‍ പോക്ക്; ഒരനിയനുമായുള്ള അഡ്വെഞ്ചര്‍ ബാല്യം; വിദേശത്തു നിന്നും വരുന്ന വിദേശി കസിന്‍സ്; കുടവയറന്‍ വിദേശി മാമന്‍- ചില പേരുകള്‍ക്കുപോലും സാമ്യം! ഇംഗ്ലീഷ് കാരെ അനുകരിക്കല്‍ (ഇംഗ്ലീഷൊന്നും നന്നായറിയില്ലെങ്കിലും ചുറ്റിനുമുള്ള ഗ്രാമവാസികളെക്കാള്‍ മെച്ചമെന്നു കാട്ടാന്‍‍); ഇല്ലാത്ത പൊങ്ങച്ചം ; കഥയില്‍ അനിയനാണു വലിയ ട്രാജടിയെങ്കില്‍ ഇവിടെ, മായയെയാണ് വിധി ക്രൂരമായി പീഡിപ്പിച്ച തെന്നേ ഉള്ളൂ. പക്ഷെ, കഥയിലെ അനിയനു പിടിച്ചപോലെ മൌന രോഗം ഉണ്ടായിരുന്നെങ്കിലും, മുഴുവട്ടാകുന്നതിനു മുന്‍പ് ദൈവം കാത്തു. ]

This entry was posted on 10:53 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments